ശ്വാസഗതി പോലും കഥകളിമേളത്തിന്റെ താളമൊരുക്കുന്ന കൊട്ടാരക്കര നിന്നും അഞ്ചുകിലോമീറ്ററോളം വടക്കോട്ടു പോയാൽ കുന്നുകളും അടിവാരങ്ങളും തിരശ്ശീല പിടിക്കുന്ന മനോഹരമായ ഒരു ഗ്രാമമുണ്ട്. പെരിയ കുളമാണോ പെരുകിയ കുളമാണോ നാട്ടുപേരായി മാറിയത് എന്ന തർക്കം തീർപ്പാക്കാനാകാതെ കുഴങ്ങുന്ന പെരുംകുളം ഗ്രാമം. നാടിന്റെ നടുവിൽ കത്തിച്ചുവെച്ച കഥകളിവിളക്കുപോലെ തെളിഞ്ഞു നീണ്ടുകിടക്കുന്ന കൊട്ടാരക്കര മണ്ണടി റോഡ്. ഇസ്ലാം - ക്രിസ്ത്യൻ മതദേവാലയങ്ങൾ അതിരിടുന്നതും ഹിന്ദുക്ഷേത്രങ്ങളാൽ സമൃദ്ധമായതുമായ മതസ്വച്ഛതയുടെ കൂടാരം. അവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭഗവതിക്ഷേത്രത്തിനു സമീപം മനുഷ്യസ്നേഹത്തിന്റെ പര്യായമായ ഭാരതരാഷ്ട്രത്തിന്റെ അച്ഛൻ മഹാത്മാഗാന്ധിയുടെ നാമധേയത്താൽ കേൾവികേട്ട അക്ഷരദേവാലയം: ബാപ്പുജി സ്മാരക വായനശാല.
1948-ൽ ഗാന്ധിജി വെടിയേറ്റുമരിച്ചപ്പോഴുണ്ടായ സങ്കടം സമൂഹത്തിനുപകാരമായ എന്തെങ്കിലും പ്രവർത്തനമാക്കി മാറ്റണമെന്നാഗ്രഹിച്ച ചെറുപ്പക്കാർ കുഴയ്ക്കാട്ടുവീട്ടിൽ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒത്തുകൂടി. പണം ചിലവാക്കി വാങ്ങിയതും മറ്റുള്ള വീടുകളിൽ നിന്നും ശേഖരിച്ചതുമായ നൂറോളം പുസ്തകങ്ങളുമായി കുഴയ്ക്കാട്ടുവീട്ടുവക കടമുറിയിൽ പുസ്തകവിതരണം തുടങ്ങി. ബാപ്പുജി സ്മാരക വായനശാലയുടെ ചരിത്രം അന്നുമുതൽ ആരംഭിക്കുന്നു. ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരം ലഭിക്കുകയും പുസ്തകങ്ങൾ പെരുകുകയും ചെയ്തതോടെ സ്വന്തമായി ഇത്തിരി സ്ഥലവും അതിലൊരുകെട്ടിടവും വേണമെന്ന ആഗ്രഹം ശക്തമായി. നാട്ടിൽ നിന്നും പിരിവെടുത്ത് സ്ഥലം വാങ്ങാം എന്ന മട്ടിൽ ചർച്ച പുരോഗമിച്ചപ്പോൾ സഹായവാഗ്ദാനവുമായി ഒരു പുസ്തകസ്നേഹിയെത്തി. 1956 ആഗസ്റ്റ് 25ന് രണ്ടരസെൻറ് സ്ഥലം പുലിയൂർ വീട്ടിൽകൊച്ചുനാരായണപിള്ള ബാപ്പുജി സ്മാരകവായന ശാലയ്ക്ക് സൗജന്യമായി എഴുതി നല്കി. 1957-ൽ പണി മുഴുവനും പൂർത്തിയായ പുതിയ കെട്ടിടത്തിൽ പുസ്തകവിതരണം ആരംഭിച്ചു.
1971-ൽ കൈരളി എന്ന പേരിൽ ഒരു കലാസമിതിക്ക് വിളക്കുവെച്ചതോടെ കലാരംഗത്തും ബാപ്പുജി സ്മാരകവായനശാല നിറഞ്ഞുനിന്നു. ഞാനൊരധികപ്പറ്റാണ്, തൂവലും തൂമ്പയും തുടങ്ങി ധാരാളം നാടകങ്ങൾ ഈ സമിതി അവതരിപ്പിച്ചു. കൃഷ്ണവിലാസത്തിൽ കെ.പി മോഹൻകുമാർ - പ്രസന്നകുമാർ, കളത്തൂർ ദാമോദരൻ പിള്ള, പുത്തൻ വീട്ടിൽ ശശിധരൻ പിള്ള, തെക്കടത്ത് വിശ്വനാഥപിള്ള, പാലവിളവീട്ടിൽ ആദിച്ചൻ, പാലത്തിട്ട ഗോപൻപിള്ള, മേവറത്ത് സി.മോഹൻ കുമാർ, ചെറുകോട്ടുമഠത്തിൽ ശങ്കരൻ പോറ്റി, വാഴപ്പള്ളിപ്പുത്തൻവീട്ടിൽ ചെല്ലപ്പൻ പിള്ള, നടുവത്ത് രാജമോഹനൻ-ശശിപ്പിള്ള -മുരളീധരൻ പിള്ള, പറങ്കിമാംവിള രാജപ്പൻപിള്ള, കണ്ണങ്കുളങ്ങര വാസുദേവൻ - രാജപ്പൻ, മാരിക്കോട്ട് ജനാർദ്ദനൻ ആചാരി, ചന്ദ്രശേഖരൻ പിള്ള പായിക്കാട്ടു വീട്, കുമ്പളത്ത് ബാലകൃഷ്ണപിള്ള തുടങ്ങിയവർ വായനശാലയുടേയും കൈരളി കലാസമിതിയുടേയും നെടുംതൂണുകളായി പ്രവർത്തിച്ചു. കലാസാഹിത്യ രംഗങ്ങളിൽ ഗ്രാമത്തിന്റെ പേര് കൊത്തിയ ശിലാഫലകങ്ങൾകൊണ്ട് പെരുംകുളം നാടു നിറഞ്ഞു.
1980 ആയപ്പോഴേക്കും വായനശാലയുടെ അവസ്ഥ ദയനീയമായി. പ്രവർത്തനങ്ങൾക്കുചുക്കാൻ പിടിച്ചിരുന്ന പലരും ജോലി സമ്പാദിച്ചും മറ്റും വിടവാങ്ങിയതോടെ വായനശാലാ കെട്ടിടം അടച്ചിടേണ്ടിവന്നു. 1997-ലാണ് വീണ്ടും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയത്. 2000-ൽ ഇപ്പോഴത്തെ ഭരണസമിതിയുടെ ആദ്യ ഊഴമായതോടുകൂടി പ്രവർത്തനത്തിന്റെ ദിശ ശരിയായ പാതയിലായി. പെരുംകുളം രാജീവ് പ്രസിഡന്റാ യതിനുശേഷം സാധാരണ പുസ്തകങ്ങളോടൊപ്പം കുട്ടികൾക്കുള്ള പുസ്തകങ്ങളും വിതരണം ചെയ്തു തുടങ്ങി. ബാലവേദി രക്ഷാധികാരിയായ പാലവിള ഗോപാലന്റെ നേതൃത്വത്തിൽ നൂറ്റമ്പതോളം കുട്ടികൾ ഉൾപ്പെടുന്ന ബാലവേദി പുസ്തക ചർച്ചകളും സാംസ്കാരിക പ്രവർത്തനങ്ങളുമായി സജീവമായി. അന്നത്തെ ലൈബ്രേറിയനും ഇന്നത്തെ സെക്രട്ടറിയുമായ ഡോ. വിജേഷ് പെരുംകുളത്തിന്റെ പത്രാധിപത്യത്തിൽ ദേശി, പെരുംകുളം കാഴ്ച എന്നീ രണ്ടുപ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. കാഴ്ച എന്ന പേരിൽ ഒരു പുസ്തകപ്രസിദ്ധീകരണസംരംഭം തുടങ്ങുകയും നേർക്കാഴ്ച, പ്രണയശില, ഹൃദയം പറയാതിരുന്നത് എന്നീ മൂന്നുപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. നൃത്തവാദ്യകലകൾ അഭ്യസിപ്പിക്കാൻ വേണ്ടി ഒരു കലാപഠന കേന്ദ്രം തുടങ്ങിയതും അക്കാലത്താണ്. കലാപഠനത്തിനുവേണ്ടി ഒരു വയലിൻ പുത്തൻ വീട്ടിൽ എസ്. ആർ മനോജ് കുമാറും ഹാർമോണിയം ചാമക്കാല വീട്ടിൽ ശ്രീധരനും സംഭാവന നല്കി. ഗ്രാമത്തിലുള്ളവരെ കമ്പ്യൂട്ടർ പഠിപ്പിക്കുന്ന ഒരു സംരംഭം വിജയകരമായി പ്രവർത്തിപ്പിച്ചു. അതിനായി കൃഷ്ണവിലാസത്തിൽ കെ.പി മോഹനകുമാർ അദ്ദേഹത്തിന്റെ ഒരു കടമുറി സൗജന്യമായി വിട്ടുതന്നു.
കാലപ്പഴക്കത്താൽ ജീർണ്ണിച്ച കെട്ടിടം 2008-ൽ പൊളിച്ചതോടുകൂടി വായനശാലയുടെ ഗതി വീണ്ടും താഴോട്ടായി. അഡ്വക്കേറ്റ് ഐഷാ പോറ്റി എംഎൽഎ ഫണ്ടിൽ നിന്നും കെട്ടിടം പണി തുടങ്ങാൻ ഭാരവാഹികൾ പരക്കം പാഞ്ഞു. കോൺട്രാക്ടർ പിൻമാറിയതോടുകൂടി ആ സ്വപ്നം തുടങ്ങിയിടത്തുതന്നെ അവസാനിച്ചു. പിന്നീട് പുസ്തകങ്ങളും തടിയുരുപ്പടികളുമായി നില്ക്കക്കള്ളിയില്ലാത്ത ഓട്ടമായിരുന്നു. ഏഴു വർഷത്തോളം പായിക്കാട്ടുവീട്ടിൽ സജു, കരിച്ചാലിൽ വീട്ടിൽ പുരുഷോത്തമൻ തുടങ്ങിയവരുടെ കടകൾ അഭയമായി. അവസാനത്തെ ആലയത്തിൽ നിന്നും കുടിയിറക്കപ്പെട്ടപ്പോൾ ശാന്തിയിൽ എം.എൻ ഉണ്ണികൃഷ്ണൻ നായർ തന്റെ വീടിൻറെ ചായ്പിൽ പുസ്തകങ്ങളും ഫർണ്ണിച്ചറുകളും സൂക്ഷിക്കാൻ സ്ഥലം നല്കി. മൂന്നുമാസത്തോളം വിതരണം ചെയ്യാനാകാതെ പുസ്തകങ്ങൾ ഇരുട്ടുമുറിയിൽ തനിച്ചിരുന്നു.
2015 ജൂൺ 19 വായനാദിനത്തിൽ വായനശാലയുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി മലയാളത്തിലെ പ്രമുഖപത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ഫീച്ചറുകൾ അക്ഷരസ്നേഹികളുടെ ശ്രദ്ധയാകർഷിച്ചു. ഗ്രാമപ്പഞ്ചായത്തംഗം കെ.വി അനിൽ മുൻകയ്യെടുത്ത് റേഡിയോ ജംഗ്ഷനിലുള്ള ആരോഗ്യ വകുപ്പിന്റെ കെട്ടിടത്തിൽ പുസ്തകവിതരണം പുനരാരംഭിച്ചു. കൊട്ടാരക്കര സർക്കാർ ഹയർസെക്കന്ററി സ്കൂൾ പ്രധാനാധ്യാപികയും പെരുംകുളം ഗ്രാമത്തിലെ ആദ്യഗവേഷണ ബിരുദധാരിയുമായ ഡോ. കെ വത്സലാമ്മ സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനശാലയുടെ പണി പൂർത്തിയാക്കാം എന്നുവാഗ്ദാനം നല്കി. സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും കൊമേഴ്സ് അധ്യാപകനുമായ റെജി മത്തായി ആലോചനായോഗത്തിൽ പങ്കെടുത്തുകൊണ്ട് സ്കൂളിന്റെ തീരുമാനം അറിയിച്ചു. പിന്നെല്ലാം വളരെപ്പെട്ടന്നായിരുന്നു. കെ.വി അനിലിനെ കൺവീനറായും റെജിമത്തായിയെ ജോ-കൺവീനറായും പെരുംകുളം രാജീവിനെ ഖജാൻജിയായും തെരഞ്ഞെടുത്ത് നിർമ്മാണക്കമ്മിറ്റി രൂപീകരിച്ചു. അമ്പതോളം പേർ ആലോചനായോഗത്തിൽ പങ്കെടുത്ത് നാടിന്റെ പിന്തുണ അറിയിച്ചു. 1,70,000 രൂപയുടെ സഹായ വാഗ്ദാനം ആ യോഗത്തിൽ നിന്നുതന്നെ ഉണ്ടായി. ഉഷസ്സിൽ വി. അരുൺകുമാർ ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്ത് മാതൃകകാട്ടി. പ്ലാത്തറവീട്ടിൽ എൻ. രാജേഷ് കുമാർ ആദ്യസംഭാവന നല്കി യോഗ സംഭാവനപിരിവും പുലിയൂർ വീട്ടിൽ രാമചന്ദ്രൻ പിള്ള പൊതു സംഭാവനപിരിവും ഉദ്ഘാടനം ചെയ്തു. വായനശാലാ മന്ദിരത്തിനുവേണ്ടി ആദ്യം ഒത്തുകൂടിയതിന്റെ പതിനാലാം ദിവസം തന്നെ പാലവിള വീട്ടിൽ ആദിച്ചന്റെ നേതൃത്വത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കാൻ സാധിച്ചു. പ്രധാന കട്ടിളയും കതകും പ്ലാവിള വേണുഗോപാൽ വാഗ്ദാനം ചെയ്തു. കട്ടിളവയ്പ് ചടങ്ങ് ചിങ്ങം ഒന്നിനും വാർപ്പ് ഒക്ടോബർപതിനൊന്നിനും നടന്നു. വായനശാലയുടെ പുതിയ കെട്ടിടം 2016 ഫെബ്രുവരി 19 ന് ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. സിദ്ധനർ സർവ്വീസ് സൊസൈറ്റി, ശ്രീ വിനായക പുരുഷസ്വയം സഹായ സംഘം, രാഷ്ട്രീയ സ്വയംസേവകസംഘം എന്നീ സംഘടനകൾ ഓരോ ദിവസം വീതം ശ്രമദാനം ചെയ്തു. വ്യക്തിപരമായി സഹായിച്ചവരുടെ പേര് എണ്ണിയാൽ തീരില്ല. രണ്ടാംനിലയുടെ നിർമ്മാണത്തിന് ബഹു. എം.പി ശ്രീ കൊടി ക്കുന്നിൽ സുരേഷ് ഏഴേകാൽ ലക്ഷം രൂപ അനുവദിച്ചു. ബഹു. എം.എൽ.എ അഡ്വ. പി. ഐഷാപോറ്റി അനുവദിച്ച എട്ടേകാൽ ലക്ഷം രൂപയ്ക്കുളള മൂന്നാംനിലയുടെ നിർമ്മാണം പൂർത്തിയായി. ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളെല്ലാം ഒരുമിച്ചുനിന്നാൽ നടക്കാത്തതൊന്നുമില്ല എന്ന വസ്തുത തെളിയിക്കുന്നതാണ് ഈ ബാപ്പുജിയുടെ പുനർജ്ജനി. വിദ്യാലയത്തിന്റെ വകയായി ഏതെങ്കിലും ദരിദ്രന് ഒരു വീടുവെച്ച് കൊടുക്കുന്നതായിരുന്നില്ലേ നല്ലത് എന്ന് ഡോ. കെ വത്സലാമ്മയോട് ഒരാൾ ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞ മറുപടി ഏറെ പ്രസക്തമാണ്: ഒരു വീടുവെച്ചു നല്കിയാൽ രക്ഷപെടുന്നത് ഒരുകുടുംബം മാത്രമാണ്. എന്നാൽ ഒരു തലമുറയെ മുഴുവൻ അജ്ഞാനത്തിന്റെ ഇരുട്ടിൽ നിന്ന് രക്ഷപെടുത്താൻ ഒരു വായനശാലയ്ക്ക് കഴിയും. അവരിൽ പലരും ധാരാളം കുടുംബങ്ങൾക്ക് തണലാകും.