കേരളത്തിലാദ്യമായി ഒരെഴുത്തുകാരന് ഫാൻസ് അസോസിയേഷൻ ഉണ്ടാകുന്നത് പെരുംകുളം ബാപ്പുജി സ്മാരക വായനശാലയിലാണ്. എം. മുകുന്ദനാണ് വായനശാലയുടെ രക്ഷാധികാരി. സാഹിത്യപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. സാഹിത്യചർച്ചകൾ നടത്തി പൂർവ്വ സമകാലിക സാഹിത്യചിന്തകളുമായി യുവജനങ്ങൾക്ക് ഇടപഴകാൻ ഈ കൂട്ടായ്മ അവസരം നല്കുന്നു. അംഗങ്ങളുടെ സാഹിത്യവാസനകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി അവരുടെ രചനകൾ പ്രസിദ്ധീകരിക്കുന്നു. മാസം തോറും പുസ്തകചർച്ചകൾ സംഘടിപ്പിക്കുന്നു. അതുവഴി പുതിയ തലമുറയ്ക്ക് സംസ്കാരത്തിലധിഷ്ഠിതമായ ദിശാബോധം നല്കുന്നു. ഈ കൂട്ടായ്മയിലംഗമാകാൻ വിളിക്കുക - +91 90720 41988.
ബാപ്പുജി സ്മാരക വായനശാലയുടെ കാർഷികവിഭാഗമാണ് കർഷകക്കൂട്ടായ്മ. ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള മനസ്സ് എന്ന ചിന്തയെ അടിസ്ഥാനമാക്കി വിഷരഹിതഭക്ഷണം ഗ്രാമത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ കൂട്ടായ്മ രൂപം കൊണ്ടത്. ജൈവപച്ചക്കറി കൃഷി നടത്തി അത് നാട്ടിൽ തന്നെ വിപണനം ചെയ്താണ് ഈ കൂട്ടായ്മ കാർഷിക വിപ്ലവം സാദ്ധ്യമാക്കിയത്. ഈ കൂട്ടായ്മയിലംഗമാകാൻ വിളിക്കുക - +91 95447 39482.
അറുപത് വയസ്സ് തികഞ്ഞവർക്ക് ആയി വായനശാലയിൽ നിലവിലുള്ള കൂട്ടായ്മയാണ് ശ്രേഷ്ഠ ജനസഭ. വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ കരുത്താണ് ഈ കൂട്ടായ്മ ലക്ഷ്യംവെയ്ക്കുന്നത് യോഗാ ക്ലാസുകൾ, ആരോഗ്യ പരിശീലന ക്ലാസുകൾ, വിനോദയാത്ര തുടങ്ങിയ പരിപാടികൾ വർഷംതോറും ശ്രേഷ്ഠ ജനസഭ നടത്തിവരാറുണ്ട്. ഈ കൂട്ടായ്മയിൽ അംഗമാകാൻ വിളിക്കേണ്ട നമ്പർ - +91 94968 49808.
വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ബാപ്പുജി വായനശാലയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ബാപ്പുജി വനിതാവേദി. ഇതിനോടകം തന്നെ ശ്രദ്ധേയമായ പല പ്രവർത്തനങ്ങളും സംഘടിപ്പിക്കുവാൻ വനിതാവേദിക്ക് സാധിച്ചിട്ടുണ്ട്. വനിതാവേദിയുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ആസ്ട്രേലിയയിൽ നിന്നും ജാക്കി മൻസൂരിയൻ എന്ന സാമൂഹിക പ്രവർത്തക 2017ൽ വായനശാലയിൽ എത്തിയിരുന്നു. ഈ കൂട്ടായ്മയിൽ അംഗമാകാൻ വിളിക്കേണ്ട നമ്പർ - +91 95446 36025.
ചലച്ചിത്ര-നാടക പ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിനായി വായനശാലയിൽ രൂപമെടുത്ത കൂട്ടായ്മയാണ് കാഴ്ച ചലച്ചിത്ര കൂട്ടായ്മ. ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാസംതോറും എല്ലാ രണ്ടാം ശനിയാഴ്ചയും ഒരു സിനിമ വായനശാലയിൽ പ്രദർശിപ്പിക്കാറുണ്ട്. ലോകസിനിമകൾ, ഇന്ത്യൻ സിനിമകൾ, മലയാളസിനിമകൾ തുടങ്ങിയ വിഭാഗത്തിൽ ഇതിനോടകം തന്നെ ധാരാളം ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനത്തിനുശേഷം നടക്കുന്ന ചർച്ച വളരെ പ്രധാനമാണ്. അമരം എന്ന സിനിമയുടെ കഥാകൃത്ത് ശ്രീ. പല്ലിശ്ശേരി മാഷാണ് ചലച്ചിത്ര കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. അംഗങ്ങളാകാനും സിനിമ കാണുന്ന വാർഷിക പദ്ധതിയിൽ ഉൾപ്പെടാനും വിളിക്കേണ്ട നമ്പർ - +91 81294 40926.
യുവജനങ്ങളുടെ ആരോഗ്യം ലക്ഷ്യമാക്കി വായനശാലയിൽ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് കായിക കൂട്ടായ്മ. ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ പെരുങ്കുളം കേന്ദ്രമാക്കി ഒരു വോളിബോൾ ടീമും ബാഡ്മിൻറൻ ടീമും പ്രവർത്തിച്ചുവരുന്നുണ്ട്. കായിക പ്രവർത്തനങ്ങളിൽ പരമാവധി യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഉയർന്ന ശാരീരിക-മാനസിക ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇതിനായി വിവിധ ഗെയിമുകളിൽ ടൂർണമെൻറ് സംഘടിപ്പിക്കാറുണ്ട്. ഈ കൂട്ടായ്മയിൽ അംഗമാകാൻ വിളിക്കേണ്ട നമ്പർ - +91 97463 31199.
കേരളത്തിന് പുറത്തും അകത്തും ഉള്ള, വായനശാലയുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം ഉള്ള ആളുകളെ ഉൾപ്പെടുത്തി രൂപംകൊണ്ട കൂട്ടായ്മയാണ് ബാപ്പുജി പ്രവർത്തകസമിതി. നിർവാഹകസമിതി എടുക്കുന്ന തീരുമാനങ്ങൾ പ്രവർത്തിപഥത്തിൽ എത്തിക്കുക എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഗ്രന്ഥശാലയുടെ വിവിധതരത്തിലുള്ള കൂട്ടായ്മകളെ ഏകോപിപ്പിച്ചുകൊണ്ട് സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുക എന്നുള്ളതാണ് ഈ കൂട്ടായ്മ കൊണ്ട് ലക്ഷ്യമിടുന്നത്. പ്രവർത്തകസമിതി അംഗം ആകാൻ വിളിക്കേണ്ട നമ്പർ - +91 97471 85952.
15 വയസ്സുവരെയുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ബാലവേദി. ഏകദേശം 150 ഓളം അംഗങ്ങൾ ബാലവേദിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്ക് വായിക്കാൻ ഉചിതമായ പുസ്തകങ്ങൾ അവരെക്കൊണ്ട് വായിപ്പിച്ച് വായനയുടെ ലോകത്തിലേക്ക് അവരെ നയിക്കുക എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ പ്രാഥമികലക്ഷ്യം. ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളെല്ലാം കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. വിളിക്കേണ്ട നമ്പർ - +91 89217 38365.