കേരളത്തിൽ ആദ്യമായി ഒരു ഗ്രാമീണ വായനശാലയിൽ എ.സി സിനിമകൊട്ടക സ്ഥാപിക്കപ്പെടുന്നത് ഇവിടെയാണ്. കൊട്ടക ഉദ്ഘാടനം ചെയ്തത് കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായ ശ്രീ. പി.കെ ജോൺസൺ ആണ്. ഈ സിനിമാകൊട്ടകയിൽ എല്ലാമാസവും രണ്ടാം ശനിയാഴ്ച ഒരു സിനിമ പ്രദർശിപ്പിക്കാറുണ്ട്. എബ്സന്റെ അത്യാധുനിക പ്രൊജക്ടർ സംവിധാനം ഉപയോഗിച്ചാണ് സിനിമ പ്രദർശിപ്പിക്കുന്നത്. സോണിയുടെ സറൗണ്ടഡ് സ്പീക്കർ സിസ്റ്റം ശബ്ദ മികവിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നു.
പുസ്തകങ്ങളുടെ ശബ്ദരേഖ റെക്കോർഡ് ചെയ്ത് ചൊൽക്കഥ എന്നപേരിൽ വായനശാല അവതരിപ്പിക്കുന്നു. കാഴ്ചശക്തിയില്ലാത്തവർക്ക് പുസ്തകം കേട്ടറിയാൻ വേണ്ടിയിട്ടാണ് ഇത്തരമൊരു പ്രോജക്ട് വായനശാല നടപ്പിൽ വരുത്തിയിരിക്കുന്നത്. വായനശാലയിൽ നിന്ന് ഡിജിറ്റൽ അംഗത്വമെടുത്തിട്ടുള്ളവർക്കും സാധാരണ അംഗങ്ങൾക്കും തികച്ചും സൗജന്യമായി ചൊൽക്കഥ വിഭവങ്ങൾ ആസ്വദിക്കാം.
വായനശാലയുടെ യൂട്യൂബ് ചാനലുകളിലൊന്നാണ് കാഴ്ച. മറ്റുള്ളവരുടെ ശ്രദ്ധയിൽ വരുത്തേണ്ട നാട്ടുസംഭവങ്ങൾ നേർകാഴ്ചകളായി ഇതിൽ അവതരിപ്പിക്കപ്പെടുന്നു. സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന വാർത്തകൾ 100% സത്യസന്ധമായി ഇവിടെ അവതരിപ്പിക്കപ്പെടുന്നു. ബാലവേദി കൂട്ടുകാരുടെ ദൃശ്യമാധ്യമ പ്രവർത്തനത്തിനുള്ള താൽപര്യം വർദ്ധിപ്പിക്കാനുള്ള ശക്തമായ ഒരു ഉപാധിയായി കാഴ്ച ചാനൽ പ്രവർത്തിച്ചുവരുന്നു.
2017 ജനുവരി ഒന്നാം തീയതി പെരുംകുളം റേഡിയോ ജംഗ്ഷനിൽ കേരളത്തിൽ പൊതുസ്ഥലത്ത് പ്രവർത്തിക്കുന്ന ആദ്യത്തെ പുസ്തകക്കൂട് വായനശാല സ്ഥാപിച്ചു. തുടർന്ന് പെരുംകുളത്തിന്റെ വിവിധയിടങ്ങളിൽ പത്തോളം ചെറിയ പുസ്തകക്കൂടുകൾ സ്ഥാപിക്കുകയുണ്ടായി. ഈ പ്രവർത്തനം കണ്ടറിഞ്ഞ് പൊതുവിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവ്വീസ് സ്കീം വഴി ആയിരത്തോളം പുസ്തകക്കൂടുകൾ കേരളത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും, ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ പുസ്തകക്കൂടുകൾ ഒരുക്കുകയുണ്ടായി. പെരുംകുളത്തിന് കേരളത്തിലെ ആദ്യ പുസ്തകഗ്രാമം എന്ന പേര് ചാർത്തിക്കൊടുത്തതും ഈ പ്രവർത്തനമാണ്. അമേരിക്ക ആസ്ഥാനമായി പ്രവത്തിക്കുന്ന ലിറ്റിൽ ഫ്രീ ലൈബ്രറിയുടെ രജിസ്ട്രേഷൻ നേടിയാണ് പുസ്തകക്കൂട് പ്രവർത്തിക്കുന്നത്.
ഇന്ത്യയിലാദ്യമായി ഒരു വായനശാലയ്ക്ക് ശാഖ ഉണ്ടാകുന്നത് പെരുംകുളത്താണ്. ബാപ്പുജി സ്മാരക വായനശാലയുടെ ആദ്യശാഖ തേവലപ്പുറം പുല്ലൂർ മുക്കിൽ 2020 ൽ ആരംഭിച്ചു. തേവലപ്പുറം പുല്ലൂർ പ്ലാവിളയിൽ ബ്രഹ്മാനന്ദന്റേയും വിജയരാജന്റേയും പാവനസ്മരണയ്ക്കാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. പുല്ലൂർ പ്ലാവിള കുടുംബം സൌജന്യമായി അനുവദിച്ച കടമുറിയിലാണ് വായനശാല പ്രവർത്തിക്കുന്നത്.
ബാപ്പുജി സ്മാരക വായനശാലയുടെ പുസ്തക പ്രസിദ്ധീകരണവിഭാഗമാണ് കാഴ്ച ബുക്സ്. ഇതിനകം ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. വിജേഷ് പെരുംകുളം രചിച്ച പ്രണയശില (കവിത), നേർക്കാഴ്ച (വിവിധ കവികളുടെ രചനകൾ), കൊട്ടാരക്കര താലൂക്കിലെ സ്ഥലനാമങ്ങൾ ഒരു പഠനം, ബിന്ദു ജെ.പിയുടെ ഹൃദയം പറയാതിരുന്നത് (കവിത), ധന്യ തോന്നല്ലൂരിൻറെ കണ്മണി (കവിത), ബിനീഷ് തലവൂരിന്റെ കണ്ടതും കേട്ടതും ക്രവിത) എന്നിവയാണവ. പുതിയ എഴുത്തുകാരുടെ മികച്ച രചനകൾ വായനക്കാരിലെത്തിക്കുക എന്നതാണ് ഈ സംരംഭം കൊണ്ട് ലക്ഷ്യമിടുന്നത്. സ്വന്തമായി ഒരു പുസ്തകം പുറത്തിറക്കണം എന്നാഗ്രഹമുള്ളവർ വിളിക്കേണ്ട നമ്പർ - + 91 97471 85952.
നാട്ടിൻപുറത്തെ സാധാരണക്കാരുടെ ബഡ്ജറ്റിന് ഇണങ്ങുന്ന തരത്തിൽ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് അവരെ കൊണ്ടുപോകുന്ന യാത്രാപദ്ധതിയാണ് സുഖയാത്ര. ഒരുദിവസംകൊണ്ട് വിമാനം, കപ്പൽ, മെട്രൊ, ബസ് എന്നീനാലുവിധയാത്രാവാഹനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള യാത്ര നടത്തി ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാവർഷവും ഫെബ്രുവരി മാസത്തിലാണ് യാത്ര നടത്താറുള്ളത്. ഗഡുക്കളായി പണമടച്ചും നിർധനർക്ക് സ്പോൺസേഴ്സിനെ കണ്ടെത്തി നല്കിയുമാണ് ഇത് സംഘടിപ്പിക്കുന്നത്. യാത്ര സ്പോൺസർ ചെയ്യുന്നതിനും യാത്രയിൽ കൂടെ കൂടാനും വിളിക്കേണ്ട നമ്പർ - +91 97444 58498.
എല്ലാ വർഷവും അദ്ധ്യാപകദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച, ഹൈസ്കൂൾ തലം വരെ പഠിപ്പിക്കുന്ന അദ്ധ്യാപകരിൽ ഒരാൾക്ക് നല്കുന്ന പുരസ്കാരമാണ് ഗുരുനന്മ പുരസ്കാരം. കുട്ടികളാണ് പുരസ്കാരാർഹനായ അദ്ധ്യാപകനെ കണ്ടെത്തുന്നത് എന്നതാണ് ഈ പുരസ്കാരത്തിന്റെ മഹത്വം. രാജ്യത്താദ്യമായാണ് കുട്ടികളുടെ നിർദ്ദേശത്തിൽ അദ്ധ്യാപകർക്ക് പുരസ്കാരം നല്കുന്നത്. 2016 ലാണ് ഈ പുരസ്കാരം വായനശാല ഏർപ്പെടുത്തുന്നത്.
അക്ഷരം സുകൃതമാകാനുള്ള വായനശാലയുടെ പദ്ധതിയാണ് വായനാസുകൃതം. വിവാഹം തുടങ്ങിയ ആഘോഷങ്ങൾക്ക് പുസ്തകങ്ങളും മാസികകളും പത്രങ്ങളും നിറച്ച് സ്റ്റാന്റുകൾ സ്ഥാപിച്ച് സൗജന്യ വായനയ്ക്ക് സൗകര്യമൊരുക്കുന്നു. ന്യൂസ് സ്റ്റാന്റ് മാതൃഭൂമി കൊട്ടാരക്കര ബ്യൂറോ ആണ് സ്പോൺസർ ചെയ്തത്. കൊട്ടാരക്കര താലൂക്കിൽ എവിടെയും വായനശാലയുടെ ഈ സൗജന്യ സേവനം ലഭിക്കും. വിളിക്കുക - +91 94470 54683.
പുസ്തകങ്ങളും നിത്യോപയോഗസാധനങ്ങളും വിലക്കുറവിൽ വാങ്ങാൻ പറ്റുന്ന വായനശാലയുടെ സംരംഭമാണ് പീടികപ്പച്ച. 10 ശതമാനം മുതൽ 20 ശതമാനം വരെ വിലക്കുറവിൽ ഇവിടെ നിന്നും മികച്ച പുസ്തകങ്ങൾ വാങ്ങാം. കാർഷികക്കൂട്ടായ്മ ഉല്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ, വായനശാലയുടെ നേതൃത്വത്തിൽ മില്ലിൽ നിന്നും പൊടിച്ചെടുക്കുന്ന മഞ്ഞൾ പൊടി, മുളകുപൊടി, കൊപ്ര വറുത്ത് ആട്ടിയ വെളിച്ചെണ്ണ, വിത്തുപേന തുടങ്ങിയവ പച്ച എന്ന ബ്രാൻഡിൽ ഇവിടെ നിന്നും നേരിട്ടും ഓൺലൈനായും വാങ്ങാം.